ആധുനിക ജീവിതസാഹചര്യങ്ങൾ കുടുംബങ്ങളിൽ കുഞ്ഞുങ്ങളെ പരിപാലിക്കാൻ ആളില്ലാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ ബഹുഭൂരിപക്ഷം കുടുംബങ്ങളും അണുകുടുംബങ്ങളാണ്. ഇങ്ങനെയുള്ള കുടുംബങ്ങളിൽ മാതാപിതാക്കൾ ഇരുവരും ജോലിക്കാരാണെങ്കിൽ കൊച്ചുകുഞ്ഞുങ്ങളെ ആരു നോക്കും? തീരെ പ്രായം കുറഞ്ഞ കുട്ടികളെ പകൽ സമയത്തു സംരക്ഷിക്കാൻ ഡേ കെയർ സെന്ററുകളും അല്പംകൂടി മുതിർന്ന കുഞ്ഞുങ്ങൾക്കുവേണ്ടി പ്ലേ സ്കൂളുകളും ധാരാളം ഉയർന്നുവരുന്നുവെന്നതാണു മാതാപിതാക്കളുടെ ആശ്വാസം. എന്നാൽ ബിസിനസ് ലക്ഷ്യത്തോടെ മുളയെടുക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ക്രമേണ ലാഭേച്ഛ വളരാനും സേവന സന്നദ്ധത കുറഞ്ഞുപോകാനും സാധ്യതയുണ്ട്. കൊച്ചി പാലാരിവട്ടത്തെ ഒരു ഡേ കെയർ സെന്ററിനെതിരേ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഇത്തരം സ്ഥാപനങ്ങളുടെ പക്കൽ ഏൽപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങൾ എത്രമാത്രം സുരക്ഷിതരാണെന്നു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. കുട്ടികളെ പരിപാലിക്കുന്നതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തേണ്ട ഘട്ടത്തിൽ ജോലിക്കാരായ മാതാപിതാക്കൾക്ക്, അതു സാധിക്കാതെ പോകുന്നതു കുട്ടികളിൽ മാനസികമായും ശാരീരികമായും പ്രശ്നങ്ങൾ സൃഷ്ടിക്കാം. പ്രസവാനുകൂല്യ ഭേദഗതി ബിൽ കഴിഞ്ഞ മാർച്ചിൽ ലോക്സഭ ഐകകണ്ഠ്യേന പാസാക്കിയിരുന്നു. ഇതുപ്രകാരം ശന്പളാനുകൂല്യങ്ങളോടെയുള്ള പ്രസവാവധി 12 ആഴ്ചയിൽനിന്ന് 26 ആഴ്ചയായി. ലക്ഷക്കണക്കിനു സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെങ്കിലും അതിന്റെ പതിന്മടങ്ങ് ആളുകൾ ഈ ആനൂകൂല്യത്തിനു പുറത്തുണ്ട്. പല വികസിത രാജ്യങ്ങളും ഗർഭിണികൾക്കും കുട്ടികൾക്കും ഏറെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഭാവിപൗരന്മാരുടെ കാര്യത്തിൽ ആ രാജ്യങ്ങളിലെ സർക്കാരുകൾക്ക് അത്രമേൽ താത്പര്യമുണ്ടെന്നർഥം. എന്നാൽ, ഇവിടെ മാതാപിതാക്കൾക്കു കുഞ്ഞുങ്ങളെ പരിചരിക്കാൻ കഴിയുന്നില്ലെങ്കിൽ ആ കുഞ്ഞുങ്ങളുടെ കാര്യം കഷ്ടത്തിലാവുമെന്നതാണു സ്ഥിതി. ഐടി മേഖലയിലും മറ്റും വലിയ കന്പനികൾ ജീവനക്കാരുടെ കുട്ടികളുടെ പരിപാലനത്തിനുവേണ്ട സൗകര്യങ്ങൾ സ്ഥാപനങ്ങളോടനുബന്ധിച്ച് ഏർപ്പെടുത്തുന്നുണ്ട്. ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ലാത്ത ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥ മാതാപിതാക്കൾക്കും ഡേ കെയർ സെന്ററുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ബിസിനസ് എന്ന നിലയിൽ ഡേ കെയർ സെന്ററുകൾ നടത്തുന്നതു തെറ്റാണെന്നു പറയാനാവില്ല. എന്നാൽ, കുട്ടികളുടെ സംരക്ഷണത്തിന് അതീവ ശ്രദ്ധ പുലർത്തേണ്ട ഈ സ്ഥാപനങ്ങളിൽ ചിലതു കുട്ടികൾക്ക് അരക്ഷിതാവസ്ഥയുടെ സ്ഥലമായി മാറുന്നുണ്ടെങ്കിൽ ആ കേന്ദ്രങ്ങൾക്കെതിരേ കർശനമായ നടപടികൾ എടുക്കണം. പാലാരിവട്ടത്തെ ഡേ കെയർ സെന്ററിൽ പിഞ്ചുകുട്ടിയെ ശകാരിക്കുകയും അടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ നമ്മുടെ മനഃസാക്ഷിയെ അതു പിടിച്ചുകുലുക്കി. പരക്കേ പ്രതിഷേധങ്ങളുയർന്നു. ചർച്ചകളും വിശകലനങ്ങളുമായി. കൊച്ചി കോർപറേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഡേ കെയർ സെന്ററുകൾക്കും രജിസ്ട്രേഷൻ നിർബന്ധിതമാക്കുമെന്നു മേയർ പ്രഖ്യാപിച്ചു. എറണാകുളവും മറ്റു മൂന്നു ജില്ലകളും ഉൾപ്പെടുന്ന റേഞ്ചിൽ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകളെക്കുറിച്ച് അന്വേഷണം നടത്താൻ റേഞ്ച് ഐജി നിർദേശം കൊടുത്തു. ഇതൊക്കെ നല്ലതുതന്നെ. എന്നാൽ ഇത്തരമൊരു വിഷയം പ്രാദേശികമായി മാത്രം കൈകാര്യം ചെയ്താൽ മതിയോ? സംസ്ഥാനത്തെ എല്ലാ ഡേ കെയർ സെന്ററുകളുടെയും ക്രെഷുകളുടെയും പ്രവർത്തനത്തിനു കൃത്യമായ മാനദണ്ഡങ്ങളുണ്ടാകണം. കുട്ടികളെ മാതാപിതാക്കളുടെയും മുത്തശ്ശനും മുത്തശ്ശിയുമുൾപ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും സാമീപ്യത്തിലും സ്നേഹത്തിലും വളർത്താൻ കഴിയുകയെന്നതു വലിയ കാര്യംതന്നെ. എന്നാൽ ഇന്ന് ഒട്ടുമിക്കവർക്കും ആ ഭാഗ്യമില്ല. വിദേശങ്ങളിൽ ജോലി ചെയ്യുന്ന ദന്പതികൾ പിഞ്ചുകുട്ടികളെ നോക്കാനായി നാട്ടിൽനിന്നു സ്വന്തം മാതാപിതാക്കളെ കൊണ്ടുപോകുന്നതു പതിവായിട്ടുണ്ട്. ഒട്ടേറെ മുത്തശ്ശിമാരും മുത്തച്ഛന്മാരും ഇങ്ങനെ വിദേശങ്ങളിൽ താത്കാലികവാസം നടത്തുന്നു. നാട്ടിൽ ഡേ കെയർ സെന്ററുകൾ ഏറെ മുളച്ചുപൊന്തുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ടതില്ല. കാരണം അത്തരം സ്ഥാപനങ്ങൾ അനേകം മാതാപിതാക്കൾക്ക് ഒഴിവാക്കാനാവാത്തതാണ്. എന്നാൽ, വളരെ ഉത്തരവാദിത്വമുള്ള ഒരു ചുമതലയാണു തങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്നു ഡേ കെയർ സെന്റർ നടത്തുന്നവർ മനസിലാക്കണം. കുട്ടികൾക്കു വൃത്തിയായ സാഹചര്യത്തിൽ കഴിയാനും കളിക്കാനുമുള്ള സൗകര്യങ്ങൾ ഓരോ കേന്ദ്രത്തിലും ഉണ്ടായിരിക്കണം. ആയമാർ കുട്ടികളോടു സ്നേഹവും പരിഗണനയും കാട്ടാൻ കഴിവുള്ളവരും ക്ഷമയുള്ളവരും ആയിരിക്കണം. നക്കാപ്പിച്ച ശന്പളം കൊടുത്തു ജീവനക്കാരെ നിയമിച്ചാൽ അവർ ജോലിയോടു പ്രതിബദ്ധത കാട്ടുമെന്നു പ്രതീക്ഷിക്കാനാവില്ല. പാലാരിവട്ടത്ത് ഡേ കെയർ ഉടമ തന്നെയാണു കുട്ടിയെ അടിക്കുന്നതായും വഴക്കുപറയുന്നതായും വീഡിയോദൃശ്യത്തിൽ കണ്ടത്. തങ്ങളെ കുടുക്കുന്നതിനുവേണ്ടി മനഃപൂർവം ചിലർ ചെയ്തതാണിതെന്നു പ്രതിയുടെ ഭർത്താവ് ആരോപിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളും അന്വേഷിക്കണം. ഡേ കെയർ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങളും കുഞ്ഞുങ്ങളെ പരിപാലിക്കുന്ന രീതികളും അധികൃതർ ശ്രദ്ധിക്കണം. നിലവിൽ ഇവ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങളൊന്നും ഇല്ലാത്തതു വലിയ അപര്യാപ്തതതന്നെ. പിഞ്ചുകുട്ടികളെ സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിൽ അനവധാനത പാടില്ല. സ്കൂളുകൾ തുറക്കാൻപോവുകയാണ്. സ്കൂൾ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അധികൃതർ ഇപ്പോൾത്തന്നെ ഉത്സാഹിക്കട്ടെ. ഓട്ടോറിക്ഷയിലും മറ്റു ചെറു വാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ചുകൊണ്ടുള്ള യാത്ര, സ്കൂൾ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, സ്കൂളുകളിൽ വേണ്ടത്ര ശുചിമുറികളില്ലാത്ത അവസ്ഥ തുടങ്ങി നമ്മുടെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കപ്പെടണം. ഒരു അത്യാഹിതമോ അനിഷ്ടസംഭവമോ ഉണ്ടാകുന്പോൾ മാത്രം ഉണരേണ്ടതല്ല നമ്മുടെ മനഃസാക്ഷിയും ജാഗ്രതയും. |
Thursday, May 25, 2017
പിഞ്ചുകുട്ടികൾ ദ്രോഹിക്കപ്പെടരുത്
Subscribe to:
Post Comments (Atom)
No comments:
Post a Comment