ഉന്നത ഉദ്യോഗസ്ഥരുടെ ഇടയിലെ ഈഗോയും പടലപിണക്കവും സംസ്ഥാന ഭരണത്തെത്തന്നെ കുഴപ്പത്തിലാക്കുന്ന തലത്തിലേക്കു വളർന്നിരിക്കുന്നു. മന്ത്രിസഭ ഒന്നാം വാർഷികമാഘോഷിക്കുന്നതിന്റെ തലേദിവസം രണ്ടു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പുറത്താക്കുന്ന വാർത്തയാണു സർക്കാരിനു നൽകേണ്ടിവന്നത്. അതിനുമുന്പും സീനിയർ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുൾപ്പെട്ട തർക്കങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിയെ മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കുക മാത്രമല്ല, അദ്ദേഹത്തെ പുനർനിയമിക്കണമെന്ന നിർദേശവും നൽകി. ഉത്തരവിൽ വ്യക്തത തേടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ ശ്രമിച്ച സർക്കാരിനു കിട്ടിയതാകട്ടെ കനത്ത ആഘാതം. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് 25,000 രൂപ പിഴയടയ്ക്കുകയും ചെയ്യേണ്ടിവന്നു.
പിഴയടയ്ക്കേണ്ടിവന്നതിനെക്കുറിച്ചു പല മുട്ടാപ്പോക്കുകളും പറഞ്ഞെങ്കിലും സർക്കാരിനുണ്ടായ നാണക്കേട് ചെറുതായിരുന്നില്ല. ഡിജിപിക്കു പുനർനിയമനം നൽകിയെങ്കിലും അവിടെയും അധികാരപ്പോരാട്ടവും ഒളിപ്പോരുകളും അവസാനിച്ചിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ അധികാരകേന്ദ്രങ്ങളോടൊട്ടിനിന്നു കൂറു തെളിയിക്കുന്നവരുമുണ്ട്.
അധികാരം എന്നതു ജനങ്ങളെ സേവിക്കുന്നതിനുള്ള അച്ചാരമായി കരുതേണ്ടവരാണ് ഉദ്യോഗസ്ഥർ. ജനസേവനത്തിലുപരി മറ്റു താത്പര്യങ്ങൾക്കു മുൻഗണന നൽകുന്പോഴാണ് അവർക്കു മാർഗഭ്രംശമുണ്ടാകുന്നത്. കാര്യക്ഷമതയുള്ള സിവിൽ സർവീസ് സംസ്ഥാനത്തെ പുരോഗതിയിലേക്കു നയിക്കുന്ന പ്രധാന ഘടകമാണ്. ഭരണാധികാരികൾ അത് ഫലപ്രദമായി ഉപയോഗിക്കുന്പോഴാണ് അവരുടെ മികവ് ജനങ്ങൾക്ക് അനുഭവവേദ്യമാവുക. സംസ്ഥാനത്ത് പൊതുഭരണത്തിനു നേതൃത്വം നൽകുന്ന ഐഎഎസുകാരും പോലീസിനെ നയിക്കുന്ന ഐപിഎസുകാരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കുറേക്കാലമായി സർവീസ് ചട്ടങ്ങളുടെ മാത്രമല്ല, സാമാന്യമര്യാദയുടെയും സീമ ലംഘിക്കുകയാണ്.
അഖിലേന്ത്യാ സർവീസിലുള്ളവരും സംസ്ഥാന സർവീസിലുള്ളവരുമായ ഉദ്യോഗസ്ഥർക്ക് വ്യക്തമായ സർവീസ് ചട്ടങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വേണം അവർ പ്രവർത്തിക്കാൻ. എന്നാൽ, ഇത്തരം ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ ധൈര്യം കാട്ടുന്നുണ്ടെങ്കിൽ അതു ഭരണാധികാരികളുടെ ദൗർബല്യമായി കാണേണ്ടിവരും. സംസ്ഥാന സർക്കാരിന്റെ ഭരണയന്ത്രം സുഗമമായി ചലിക്കണമെങ്കിൽ യഥാർഥ ഭരണനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ എണ്ണയിട്ട ചക്കുപോലെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ചില സർക്കാർ വകുപ്പുകളുടെ പ്രവർത്തനം താളംതല്ലുന്നുണ്ടെങ്കിൽ അതിനർഥം അവിടെ തീരുമാനങ്ങളെടുക്കുകയും അതു നടപ്പാക്കുന്നതിനു മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടവർ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല എന്നതാണ്.
കൃഷിവകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയും ഡയറക്ടറും തമ്മിൽ ചക്കളത്തിപ്പോരാട്ടം തുടങ്ങിയിട്ടു നാളുകളായെങ്കിലും അതു പരസ്യ വിഴുപ്പലക്കലായതു കഴിഞ്ഞ ദിവസമാണ്. രണ്ടുപേരെയും തത്സ്ഥാനത്തുനിന്ന് ഒഴിവാക്കിക്കൊണ്ടാണു സർക്കാർ ആ പ്രശ്നം പരിഹരിച്ചത്. ഇതിനു മുന്പ് വിജിലൻസ് ഡയറക്ടറും ചില ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലും ഇതുപോലെ ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. വ്യവസായ അഡീഷണൽ സെക്രട്ടറിയെ പ്രതിയാക്കിയ വിജിലൻസ് ഡയറക്ടറുടെ നടപടിക്കെതിരേ ഐഎഎസ് അസോസിയേഷൻ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി. കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാൻ അവർ ഒരുങ്ങിയെങ്കിലും മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിച്ചതിനാൽ പരസ്യപ്രതിഷേധത്തിൽനിന്നു പിന്തിരിയേണ്ടിവന്നു. ഇത്തരത്തിലുള്ള കർശനമായ നിലപാടുകൾ എടുക്കേണ്ട പല സന്ദർഭങ്ങളിലും അതു ചെയ്യാതിരുന്നതിന്റെ തിക്തഫലം സർക്കാരിന് നേരിടേണ്ടിവന്നിട്ടുണ്ട്.
സർവീസിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സർവീസ് കാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ പുസ്തകത്തിലെ 17 പരാമർശങ്ങൾ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ ഉൾപ്പെടെയുള്ളവ, ഉദ്യോഗസ്ഥൻ സർവീസിലിരിക്കുന്ന കാലത്തു പ്രസിദ്ധീകരിക്കുന്നതിന്റെ അനൗചിത്യം ചോദ്യംചെയ്യപ്പെടുക സ്വാഭാവികം. ഐഎഎസുകാരും മനുഷ്യരാണെന്നും ഭിന്നത സ്വാഭാവികമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സിവിൽ സർവീസിലെ ഈ ഭിന്നത സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ആരോടൊക്കെയോ മൃദുസമീപനം മതിയെന്നു കരുതുന്നു. ഉദ്യോഗസ്ഥവൃന്ദത്തെ നിർത്തേണ്ടിടത്തു നിർത്താൻ കഴിവില്ലാത്ത ഭരണകൂടം തങ്ങളുടെതന്നെ ശവക്കുഴി തോണ്ടുകയാണെന്നേ പറയാനാവൂ.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 2015ൽ പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തിലെ പോലീസ് സേനയിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ ഉള്ളത്. മൂവായിരത്തിലേറെ ക്രിമിനൽ കേസുകളാണ് കേരളത്തിലെ പോലീസ് സേനാംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ ഐപിഎസുകാർ മുതൽ സിവിൽ പോലീസ് ഓഫീസർ വരെ ഉൾപ്പെടുന്നു. പോലീസിനെയും സിവിൽ സർവീസിനെയുമൊക്കെ നിലയ്ക്കു നിർത്തുകയും അതേസമയം അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കുകയും ചെയ്യുക എന്നതാണു കാര്യക്ഷമതയുള്ള ഭരണകൂടത്തിന്റെ കർത്തവ്യം. നിർഭാഗ്യവശാൽ ഒന്നിനുപിറകേ ഒന്നായി ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിവാദങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ വെണ്ണപ്പാളി എന്നാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വിശേഷിപ്പിക്കുന്നത്. സർക്കാരിന്റെ നയങ്ങളും നിലപാടുകളും സാക്ഷാത്കരിക്കപ്പെടുന്നത് അവരുടെ സമർഥമായ നേതൃത്വത്തിലാണ്. അവിടെ കുതികാൽവെട്ടും അവസരവാദവുമൊക്കെ അരങ്ങുതകർത്താൽ ജനങ്ങളുടെ കാര്യം കഷ്ടമെന്നേ പറയേണ്ടൂ.